കോഴിക്കോട് : ഗണപതി ഹോമം നടത്തിയതിന്റെപേരിൽ സ്കൂളിനെതിരെ ആസൂത്രിത ഗൂഡാലോചനയാണ് നടക്കുന്നതെന്ന് നിടുമണ്ണൂർ എൽപി സ്കൂൾ മാനേജർ. സമീപ പ്രദേശങ്ങളിലെ സിപിഎം നിയന്ത്രിത സ്കൂളുകളിൽ നിസ്കാര മുറികൾ അടക്കമുള്ളപ്പോൾ ഗണപതി ഹോമം നടത്തിയതിന്റെ പേരിൽ സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ല. സ്കൂളിനെതിരെ സിപിഎം നടത്തുന്ന പ്രവർത്തനങ്ങളെ നിയമപരമായി നേരിടും. മാനേജർ വ്യക്തമാക്കി
സ്കൂൾ നവീകരണത്തിന്റെ ഭാഗമായി കൈവേലി നിടുമണ്ണൂർ എൽപി സ്കൂളിൽ നടത്തിയ ഗണപതിഹോമവും , സരസ്വതി പൂജയും സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു . ആർഎസ്എസിന്റെ ആയുധപൂജയാണ് സ്കൂളിൽ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു സിപിഎം ലോക്കൽ സെക്രട്ടറി റഷീദിന്റെ നേതൃത്വത്തിൽ ഗണപതി ഹോമം തടയുകയും, പൂജാദ്രവ്യങ്ങൾ വലിച്ചെറിയുകയും ചെയ്തത്.
അതെ സമയം ഗണപതി ഹോമം നടത്തിയ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറും. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് തിടുക്കപ്പെട്ട് റിപ്പോർട്ട് തയാറാക്കി മന്ത്രിക്ക് കൈമാറുന്നതെന്നും ആരോപണമുണ്ട്.
പൂജാ വിവാദത്തിൽ സ്കൂളിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മറ്റ്മതവിഭാഗങ്ങളുടെ നേതൃത്വത്തിൽ ഉള്ള സ്കൂളുകളിൽ നിസ്കാര മുറിയും, പ്രാർത്ഥന മുറിയും ഉള്ളപ്പോൾ, ഹിന്ദു മാനേജ്‌മെന്റ്ന്റെ നിയന്ത്രണത്തിൽ ഉള്ള സ്കൂളിൽ ഗണപതി ഹോമം നടത്തിയത് മാത്രം സിപിഎമ്മിന് വിഷയമാവുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യവും ശക്തമാണ്. ബിജെപി നേതാവ് സന്ദീപ് വാരിയർ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലടീച്ചർ സമാനമായ ചോദ്യം ഉയർത്തി സ്കൂളിന് പിന്തുണ നൽകിയിട്ടുണ്ട്.
അതെ സമയം സ്കൂളിൽ ഗണപതി ഹോമം നടത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് നെടുമണ്ണൂരിൽ സിപിഎം പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്
Discussion about this post