ദക്ഷിണേന്ത്യയിലെ ആദ്യ ഡ്രൈവർരഹിത മെട്രോ റെയിൽ സർവീസിന് തുടക്കമിടാൻ സജ്ജമായി ബെംഗളുരുവിന്റെ സ്വന്തം ‘നമ്മ മെട്രോ’. ഡ്രൈവറില്ലാ പരീക്ഷണ ഓട്ടത്തിനായി ആറ് മെട്രോ കോച്ചുകൾ ചൈനയിൽനിന്ന് കഴിഞ്ഞ ദിവസം ബെംഗളുരുവിലെത്തി.
ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാർജിച്ച സിൽക്ക് ബോർഡ് ജങ്ക്ഷൻ ഉൾപ്പെടുന്ന ഭാഗത്തുകൂടെ കടന്നുപോകുന്ന ആർ വി റോഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള യെല്ലോ ലൈനിലാണ് ‘നമ്മ മെട്രോ’യുടെ ഡ്രൈവറില്ലാ സർവീസ് നടക്കുക. എട്ട് ട്രെയിനാണ് ഇതിനായി ഒരുങ്ങുന്നത്.
19.15 കിലോമീറ്റർ നീളമുള്ളതാണ് മെട്രൊയുടെ യെല്ലോ ലൈൻ. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട് അതിർത്തിയായ ഹൊസൂരിന് തൊട്ടടുത്തുവരെ എത്താൻ ഈ പാത ഉപകരിക്കും.
സെൻസറുകളും അനുബന്ധ ഉപകരണങ്ങളും വഴി നടക്കുന്ന കൃത്യതയാർന്ന ആശയ വിനിമയ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഡ്രൈവറില്ലാ മെട്രോ ഓടുക. ട്രെയിൻ ഏതു ദിശയിൽ സഞ്ചരിക്കണം, എത്ര വേഗതയിൽ മുന്നേറണം, മുന്നിലെ തടസങ്ങൾ എന്തൊക്കെ, ട്രെയിൻ ഏതൊക്കെ സ്റ്റോപ്പുകളിൽ നിർത്തണം തുടങ്ങിയവയൊക്കെ കണക്കുകൂട്ടി ട്രെയിൻ ഓടിക്കാൻ കൺട്രോൾ സെന്ററിൽ നിന്ന് നിർദേശങ്ങൾ എത്തും.
ട്രെയിനിനുള്ളിലിരുന്നു ഒരു ഡ്രൈവർ ചെയ്യുന്ന ജോലികൾ കൺട്രോൾ സെന്ററിൽനിന്ന് ഒരാൾ നിയന്ത്രിക്കുന്നതോടെ സർവീസ് സുഖമായി നടക്കും. ആദ്യമായതിനാൽ കൺട്രോൾ സെന്ററിലുള്ളവർക്ക് മികച്ച പരിശീലനം നൽകി പരീക്ഷണ ഓട്ടം വിജയമാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
Discussion about this post