ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇന്ത്യ – ഖത്തർ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടത്തി. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലായ മലയാളിയടക്കം എട്ട് മുൻ നാവികരെ മോചിപ്പിച്ചതിന് ഖത്തർ അമീറിനോട് പ്രധാനമന്ത്രി നന്ദിയറിയിച്ചു. അമീറിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിലും ചർച്ച നടന്നു. ഊർജമേഖലയിൽ തന്ത്രപരമായ നിക്ഷേപങ്ങളുടെയും പങ്കാളിത്തത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ മേഖലയിൽ വാങ്ങൽ-വിൽക്കൽ ബന്ധത്തിനപ്പുറം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ മോദി അമീറിന് നന്ദി പറഞ്ഞു.
‘മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ – ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. ലോകത്തിനാകെ ഗുണം ചെയ്യുന്ന രീതിയിൽ ഭാവിയിൽ പല മേഖലകളിലും ഇന്ത്യയും ഖത്തറും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി എക്‌സിൽ കുറിച്ചു.
ഇന്നലെ രാത്രി ഖത്തര്‍ സമയം ഒമ്പതരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയത്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകളും ഇരുവരും തമ്മിൽ നടത്തി. ഇതിന് മുമ്പ് 2016ൽ ആണ് പ്രധാനമന്ത്രി ഖത്തറിൽ എത്തിയത്. 2023ൽ ആണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷം പൂർത്തിയായത്.
Discussion about this post