കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പൊട്ടക്കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപെടുത്തി. മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ രക്ഷപെടുത്തിയത്. ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ ഭിത്തി മാന്തിയാണ് ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.
ആനക്കുട്ടി സുരക്ഷിതനും ആരോഗ്യവാനുമായാണ് കാണപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആനക്കുട്ടി സുരക്ഷിതമായി ആനക്കൂട്ടത്തിനടുത്ത് എത്തുന്നതുവരെ അനുഗമിക്കുമെന്നും വനപാലകര്‍ പറഞ്ഞു. പുറത്തെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചും പിന്നാലെ ഓടിയുമാണ് കാട് കേറ്റിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആനക്കുട്ടി പന്ത്രണ്ടടിയിലധികം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണത്. പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കിണറില്‍ വീണ വിവരം അറിഞ്ഞത്. ആനക്കുട്ടിയുടെ ബഹളം കേട്ട് കാട്ടാനക്കൂട്ടം കിണറിന് വളരെ അകലെയല്ലാതെ തമ്പടിച്ചിരിക്കുന്നതും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത് വൈകാന്‍ കാരണമായിരുന്നു. കഴിഞ്ഞ നാല് ദിവസമായി വ്യാപകമായി ആനക്കൂട്ടം ഈ പ്രദേശത്തേക്ക് വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ശല്യം അതിരൂക്ഷമായ മേഖലയാണ് ഇതെന്നും ആനകള്‍ വ്യാപക കൃഷി നാശം നടത്തുന്നതായും പ്രദേശവാസികള്‍ പറയുന്നു.
Discussion about this post