കോഴിക്കോട്: ഗണപതിഹോമവും സരസ്വതി പൂജയും നടത്തിയതിന്റെ പേരിൽ സിപിഎം-ഡിവൈഎഫ്ഐ ഭീഷണി നേരിടുന്ന നെടുമന്നൂർ എൽ പി സ്കൂൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഇന്ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സ്കൂൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായത്.
ഗണപതിഹോമം നടത്തിയ സ്കൂൾ ഇനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും, സ്കൂളിലെ കുട്ടികളുടെ കാര്യത്തിൽ സിപിഎം തീരുമാനമെടുക്കുമെന്നും ലോക്കൽ സെക്രട്ടറി റഷീദ് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അടിയന്തരമായി ചേർന്ന ജനപ്രതിനിധി യോഗത്തിലാണ് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ ധാരണയായത്. യോഗത്തിൽ മാനേജരുടെ പ്രതിനിധിയായി പങ്കെടുത്ത മാനേജരുടെ മകൻ രുധീഷിനെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.
സ്കൂൾ അടച്ചിട്ടതിൽ രക്ഷിതാക്കളിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ചില രക്ഷിതാക്കൾ കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വെട്ടിലായ സിപിഎം നിലപാടിൽ അയവ് വരുത്തിയത്. സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. സ്കൂളിൽ ഗണപതിഹോമം, നടത്തിയതിൽ എന്താണ് തെറ്റ് എന്ന ചോദ്യവുമായി ചില രക്ഷിതാക്കൾ സിപിഎം നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. വിളക്ക് വലിച്ചെറിഞ്ഞതും, ഹോമകുണ്ഡം അലങ്കോലമാക്കിയതും സി.പിഎമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്.
ഗണപതി ഹോമം നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ നെടുമണ്ണൂർ അങ്ങാടിയിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. മാനേജ്മെൻറ് നിയന്ത്രണത്തിലുള്ള സ്കൂളിൽ വിദ്യാലയ സമയത്ത് അല്ലാതെ ഗണപതിഹോമം നടത്തിയതിൽ തെറ്റില്ലെന്ന് കാണിച്ചു നിയമവിദഗ്ദർ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണ് സി.പിഎം നടത്തിയതെന്ന വിമർശനവും ശക്തമാണ്. സോഷ്യൽ മീഡിയയിലും ഇത് ചൂടുള്ള ചർച്ചയായിട്ടുണ്ട്.
മറ്റ് എയ്ഡഡ് സ്കൂളുകളിലെ നിസ്കാരമുറിയടക്കം ചൂണ്ടിക്കാട്ടി, മറ്റ് മത വിഭാഗങ്ങളുടെ പ്രാർത്ഥനകൾ സ്കൂളുകളിൽ അനുവദിക്കുമ്പോൾ ഗണപതിഹോമം നടത്തിയതിന്റെ പേരിൽ ഹിന്ദു മാനേജ്മെൻറ്ന് നേരെ നടക്കുന്ന ആക്രമണം, സിപിഎമ്മിൻ്റെ ഹിന്ദു വിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഗണപതി ഹോമത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎം എന്തുകൊണ്ട് നിസ്കാരവും പ്രാർത്ഥനയും നടത്തുന്ന മറ്റ് സ്കൂളുകൾക്ക് നേരെ ശബ്ദം ഉയർത്തുന്നില്ല എന്ന ചോദ്യവും ശക്തമാണ്. ഗണപതിഹോമം നടത്തിയത് നിയമപരമായി ചോദ്യം ചെയ്യാമെന്നിരിക്കെ, ഹോമം നടക്കുന്ന ഹാളിലേക്ക് കടന്നു കയറി വിളക്ക് ചവിട്ടിത്തെറിപ്പിച്ച്, ഹോമകുണ്ഡം അലങ്കോലപ്പെടുത്തിയത് ഹിന്ദു ആചാരങ്ങളോടുള്ള സിപിഎം അവഹേളനത്തിന്റെ തുടർച്ചയാണെന്നാണ് ഹിന്ദു സംഘടനകളുടെയും ആരോപണം.
സി.പിഎമ്മിൻ്റെ പ്രകോപനം സാമുദായികസ്പർദ്ദ വളർത്തുന്ന രീതിയിലേക്ക് മാറിയത് രക്ഷിതാക്കളിലും ആശങ്ക വളർത്തുന്നുണ്ട്. സിപിഎം അനുഭാവികൾ കൂടിയായ രക്ഷിതാക്കൾ പാർട്ടിക്കെതിരെ തിരിയുമെന്ന തിരിച്ചറിവാണ് പ്രതിഷേധം മയപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് പിന്നിൽ എന്നാണ് വിവരം. ഗണപതിഹോമം നടത്തിയ സ്കൂൾ മാനേജർക്കെതിരെ നടപടിയെടുക്കണം എന്നവശ്യപ്പെട്ടായിരുന്നു സിപിഎം നിലപാട് കടുപ്പിച്ചത്.
അതേസമയം കാലങ്ങളായി സ്കൂൾ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കാത്തതിൻ്റെ നിരാശയാണ് സിപിഎമ്മിന്റെ പ്രതിഷേധത്തിന് പിന്നിലെന്ന സൂചനയാണ് മാനേജ്മെൻറ് അധികൃതർ നൽകുന്നത്.
Discussion about this post