കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും പെരുമാറുകയെന്ന് കോടതി ചോദിച്ചു. റിനീഷിന്റെ സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമർശനം. ഈ സത്യവാങ്മൂലം പരിഹണിക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഇതോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. കേസ് വീണ്ടും മാർച്ച് ഒന്നിന് പരിഗണിക്കും.
കോടതി ഉത്തരവു നടപ്പാക്കിക്കിട്ടാൻ എത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നുമുള്ള ആക്ഷേപത്തിൽ വി.ആർ. റിനീഷിനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനോട് എസ്.ഐ. കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിതോടെ വിഷയത്തിൽ മാപ്പപേക്ഷ നൽകാമെന്ന് എസ്.ഐ. കോടതിയെ ബോധിപ്പിച്ചിരുന്നു.
സാഹചര്യം സമ്മർദമാണ് ഇതിനൊക്കെ ഇടയാക്കിയതെന്ന മാപ്പപേക്ഷയിലെ പരാമര്‍ശം കോടതിയെ ചൊടിപ്പിച്ചത്. ‘സാഹചര്യങ്ങളുടെ സമ്മർദംമൂലം എന്തും ചെയ്യാമെന്നാണോ, സമ്മർദംമൂലം പോലീസ് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയെങ്കിൽ അതിനും കോടതി പരിഹാരം കാണണ്ടേി വരുമോ, മോശമായി പെരുമാറിയില്ലെങ്കിൽ മാപ്പ് പറയുന്നത് എന്തിനാണ്. അഭിഭാഷകരോട് ഈ രീതിയിലാണ് പെരുമാറ്റമെങ്കിൽ സാധാരക്കാരക്കാരന്റെ അവസ്ഥാ എന്താകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. വി.ആർ. റെനീഷും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട്, ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. ഇതിന്റെ പേരിൽ ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിൽ അഭിഭാഷകനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.

