കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. പുതുതലമുറ ആയുധങ്ങൾ സായുധ സേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും ഭാഗമാക്കുന്നതിനായി 84,560 കോടി രൂപയുടെ ഇടപാടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) വെള്ളിയാഴ്ച അനുമതി നൽകി. ഇന്ത്യൻ കമ്പനികളുമായിട്ടാണ് കൂടുതൽ കരാർ ലഭിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ഡിഎസി 84,560 കോടി രൂപയുടെ ഇടപാടിന് അംഗീകാരം നൽകിയതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. കര, വായു, നാവിക സേനകൾക്ക് പുറമെ കോസ്റ്റ് ഗാർഡിനുമാണ് പുതിയ ആയുധങ്ങൾ വാങ്ങുന്നത്. പുതിയ തലമുറ ടാങ്കുകൾ, റഡാർ, ഹെവി – വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് മാരിടൈം റെക്കനൈസൻസ് & മൾട്ടി മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റുകൾ, മീഡിയം റേഞ്ച് നിരീക്ഷണ സംവിധാനം, വായുവിൽ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള കൂടുതൽ വിമാനങ്ങൾ എന്നിവയാണ് പ്രധാനമായും വാങ്ങുക.
കരാറിൻ്റെ ഭൂരിഭാഗവും ഇന്ത്യൻ കമ്പനികൾക്ക് തന്നെയാണ് ലഭിച്ചതെന്നാണ് സവിശേഷത. നാവികസേനയ്ക്ക് 9 സമുദ്ര നിരീക്ഷണ വിമാനങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡിന് 6 മാരിടൈം പട്രോളിങ് വിമാനങ്ങളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയിരുന്നു. ഏകദേശം 29,000 കോടി രൂപയുടേതാണ് ഈ കരാർ.
നാവികസേനയ്ക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും വേണ്ടി തദ്ദേശീയമായി നിർമിച്ച 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ തോക്കുകളുടെ നിർമാണത്തിനും വിതരണത്തിനുമായി കാൺപൂർ ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഫെബ്രുവരി 14ന് പ്രതിരോധ മന്ത്രാലയം 1,752.13 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാൻ ഡിഎസി അനുമതി നൽകിയത്.
Discussion about this post