പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടും വാഹനം തല്ലിപ്പൊളിച്ചുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആളുകള്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് വന്നതെന്ന് ചോദിച്ചായിരുന്നു നാട്ടുകാരുടെ പ്രതികരണം.
അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു. അതിവൈകാരിക പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.
ജില്ലയിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലപാട്. വെള്ളിയാഴ്ച രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്.
സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധക്കാർ ആഞ്ഞടിച്ചു.. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേ സമയം വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. റവന്യു, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.
Discussion about this post