നിർദേശങ്ങൾ എഴുതി നൽകിയാൽ മതി, അതിനനുസരിച്ച് ഷോർട്ട് വീഡിയോ സോറ നിർമിച്ച് നൽകും. നിർമിത ബുദ്ധിയിൽ (എഐ) ഓപ്പൺ എഐ അവതരിപ്പിക്കുന്ന മറ്റൊരു അത്ഭുതമാണ് സോറ എന്ന ടെക്സ്റ്റ് ടു വീഡിയോ എഐ മോഡൽ. നിർദേശങ്ങൾ എഴുതി നൽകിയാൽ 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഈ ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷൻ മോഡൽ നിർമിക്കും.
എഐ വിഭാഗത്തിൽ തങ്ങളുടെ എതിരാളികളെക്കാൾ ഒരുപടി മുന്നിൽ കുതിക്കുകയാണ് ഓപ്പൺ എഐ. ഗുണനിലവാരത്തിൽ ഗൂഗിളിനെയും മെറ്റയെയും കവച്ചുവെച്ചിരിക്കുകയാണ് ഓപ്പൺ എഐ. എക്സിലൂടെയാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ടൂൾ പങ്കുവെച്ചത്. എക്സിൽ യൂസർമാർ നൽകിയ നിർദേശം അനുസരിച്ച് സോറ ഷോർട്ട് വീഡിയോകൾ നിർമിക്കുകയും ചെയ്തു. കടലിൽ വിവിധ മൃഗങ്ങൾ സൈക്കിൾ റേസ് ചെയ്യുന്നതും ടസ്കൻ രീതിയിലുള്ള അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതും സോറ ഷോർട്ട് വീഡിയോ ആയി ചെയ്തു.
എന്താണ് സോറ
ജപ്പാനിൽ ആകാശം എന്നാണ് സോറയുടെ അർഥം. സങ്കീർണമായ ക്യാമറ ചലനം, പലവിധ വികാരങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒന്നിലധികം കഥാപാത്രങ്ങൾ, വിശദമായ പശ്ചാത്തലങ്ങൾ ഉള്ള 60 സെക്കന്റ് വീഡിയോ സോറയ്ക്ക് നിർമിക്കാൻ കഴിയും.
നിശ്ചലമായ ചിത്രങ്ങൾ അനിമേറ്റ് ചെയ്യുകയും ചെയ്യും. യൂസർമാർ നൽകുന്ന നിശ്ചലച്ചിത്രങ്ങളോ ഫൂട്ടേജ് ഉപയോഗിച്ച് വീഡിയോകൾ നിർമിക്കും. എന്നാൽ നിലവിൽ എല്ലാവർക്കും സോറ ഉപയോഗിക്കാൻ പറ്റില്ല. സോറ ദോഷകരമായ ഉള്ളടക്കങ്ങൾ നിർമിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധനാ ഘട്ടത്തിലാണ് ഇപ്പോൾ.
സാങ്കേതിക വിദ്യ കലാകാരൻമാർക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കമ്പനി. നിലവിൽ വിഷ്വൽ ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരിൽ നിന്ന് അഭിപ്രായം രൂപവത്കരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

