ചണ്ഡിഗഢ് : ആമിർ ഖാൻ ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്‌നഗർ വിടവാങ്ങി . ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.
വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയെ തുടർന്നുള്ള പാർശ്വഫലങ്ങളാണ് നടിയുടെ ഇപ്പോഴത്തെ രോഗാവസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട് . പത്തൊൻപതാം വയസ്സിലാണ് സുഹാനി ഭട്‌നഗറിന്റെ വിടവാങ്ങൽ.
ബോളിവുഡിലെ അറിയപ്പെടുന്ന ബാലതാരമായിരുന്നു സുഹാനി ഭട്‌നാഗർ. ദംഗലിലിലെ കഥാപാത്രമാണ് സുഹാനിക്ക് ശ്രദ്ധനേടികൊടുത്തത്. ദംഗലിൽ അമീർ ഖാൻ ചെയ്ത മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് സുഹാനി വേഷമിട്ടത്.
ചിത്രത്തിൽ ബബിത ഫോഗോട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് വലിയ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്.
Discussion about this post