മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിനോട് നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുന്നതിന് മുമ്പ് ലഭിക്കേണ്ട തുക ഇനിയും ലഭിച്ചിട്ടില്ല എന്നു കാട്ടിയാണ് ബൈജൂസിനെതിരേ മുൻജീവനക്കാർ നീങ്ങിയത്.
ഇതേ തുടർന്ന് ബൈജൂസിനെയും മുൻ ജീവനക്കാരെയും കർണാടക സർക്കാർ അനുരഞ്ജന ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ജീവനക്കാർക്ക് കുടിശ്ശിക തുക നൽകുന്നത് വൈകിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് പറഞ്ഞു. ഏകദേശം 20-30 പരാതികളാണ് ലഭിച്ചതെന്ന് ലേബർ വകുപ്പ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ബൈജൂസിൻെറ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബൈജൂസിൽ നിന്ന് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും മുഴുവൻ/അവസാന സെറ്റിൽമെന്റ് ലഭിച്ചിട്ടില്ലെന്ന് പലരും പരാതി പറഞ്ഞു.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് കമ്പനി കടന്നു പോകുന്നത്. 120 മില്യൺ ഡോളറിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.
Discussion about this post