കണ്ണൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഗവർണറെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചിറക്കിയത്.
വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു ഗവർണർ. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂർ ടൗണിൽ വച്ച് കരിങ്കൊടി കാട്ടിയെന്നാരോപിച്ച് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് പൊലീസ് ജീപ്പ് തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുകയായിരുന്നു. പിന്നാലെ മട്ടന്നൂര്‍ ടൗണില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Discussion about this post