ലക്നൗ: ഉത്തർപ്രദേശിന്റെ വികസനത്തിനായ് 10 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 14,000 പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി ഇന്ന് രാവിലെ 10.30-ഓടെ സംഭാൽ ജില്ലയിലെത്തിയ പ്രധാനമന്ത്രി ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. ‘കാലത്തിൻ്റെ ചക്രം മാറി, ഒരു പുതിയ യുഗം ആരംഭിച്ചു…’ സംഭാലിൽ കൽക്കി ധാം ക്ഷേത്രത്തിൻ്റെ തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തിൻറെ മാതൃക അനാച്ഛാദനവും ഈ സമയം നടന്നു.
അതേ സമയം ക്ഷേത്ര ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തി ദിവസങ്ങൾക്ക് പിന്നാലെ ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പുറത്താക്കിയിരുന്നു. “രാമനാമം ജപിക്കുകയോ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയാലോ പാർട്ടി വിരുദ്ധ പ്രവർത്തനമെന്നാണ് പറയുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എന്ന് ആരോപിക്കുന്ന കാര്യങ്ങൾക്ക് മറുപടി നൽകാനും കോൺഗ്രസ് ബാധ്യസ്ഥാണ്” ആചാര്യ പ്രമോദ് കൃഷ്ണ പറഞ്ഞു.
തുടർന്ന് അടുത്തിടെ നടന്ന യുപി ആഗോള നിക്ഷേപ ഉച്ചകോടിയിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ പ്രകാരം 10 ലക്ഷം കോടിയിലധികം മൂല്യമുള്ള 14000 പദ്ധതികൾ ഉത്തർപ്രദേശിലുടനീളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉൽപാദനം, പുനരുപയോഗ ഊർജ്ജം, ഐടി, ഐടിഇഎസ്, ഭക്ഷ്യ സംസ്‌കരണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.
ആരംഭിക്കുന്ന പദ്ധതികളിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഏകദേശം 45,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന വൻകിട പദ്ധതികളും ഉൾപ്പെടുന്നു. പ്രമുഖ വ്യവസായികൾ, ആഗോള, ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ, അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരുൾപ്പെടെ 5000-ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.
കൂടാതെ, ഏകദേശം 57,000 കോടി രൂപ മുതൽമുടക്കി ഭവന നിർമ്മാണ വകുപ്പിൻ്റെ 750 ഓളം പദ്ധതികളുടെയും തറക്കല്ലിടൽ ചടങ്ങിൽ നടപ്പിലാക്കും. ഏകദേശം 7500 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന എക്സൈസ് വകുപ്പിൻ്റെ 40 ഓളം പദ്ധതികൾക്കും പ്രധാനമന്ത്രി ആരംഭം കുറിക്കും.
Discussion about this post