ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ. സംഭവത്തില്‍ അമ്മ ശില്പയെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശില്പയുടെ മകള്‍ ശികന്യയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെ ശില്പയും പാലക്കാട് പിരായിരി സ്വദേശിയായ യുവാവും കുഞ്ഞുമായി ഷൊര്‍ണൂരിലെ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തുമ്പോള്‍ കുഞ്ഞ് മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അന്നുതന്നെ യുവാവിന്റെ പരാതിയില്‍ അസ്വാഭാവികമരണത്തിന് കേസെടുക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണമായ ക്ഷതമില്ലെന്ന് അന്ന് അറിഞ്ഞിരുന്നു. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ശില്പ മാവേലിക്കരയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. അതിനുശേഷം ഓട്ടോറിക്ഷയിലും കാറിലുമായി മുമ്പ് കൂടെ താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന ഷൊര്‍ണൂരിലെ തിയേറ്ററിലെത്തി. ഇവിടെ കുഞ്ഞിനെ നിലത്തുവെച്ച് സംസ്കരിക്കാന്‍ സ്ഥലമാവശ്യപ്പെട്ടതായി യുവാവ് പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാട്സാപ്പ് സന്ദേശവും യുവാവിന് അയച്ചിരുന്നു.
മാവേലിക്കര കുടുംബകോടതിക്ക് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെ ഷൊര്‍ണൂര്‍ പോലീസ് ശില്പയുമായെത്തി തെളിവെടുപ്പ് നടത്തി.
Discussion about this post