ഡൽഹി: മലമൂത്ര വിസർജനത്തിനായി കുളത്തിനടുത്ത് പോയ പത്താം ക്ലാസുകാരനെ കടുവ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പത്താം ക്ലാസ് ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന പങ്കജ് എന്ന 18 കാരനെയാണ് കടുവ പിടികൂടിയത്. പിലിഭിത്ത് ജില്ലയിലെ പണ്ഡാരി ഗ്രാമത്തിൽ ഒരു കുളത്തിന് സമീപത്ത് വൈകിട്ട് നാലുമണിയോടെയാണ് കടുവ ആക്രമിച്ചത്. മലാ മഹോഫ് ഫോറസ്റ്റ് റേഞ്ചിൽ നിന്നും മൂന്ന് കിലോമീറ്റർ പരിസരത്താണ് കടുവയുടെ ആക്രമണം.
സംഭവത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു. മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാൻ അനുവദിക്കാതെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മേഖലയിൽ മൂന്നാമത്തെ ആളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഗ്രാമവാസികൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. മൃതദേഹത്തിന് ചുറ്റും നിന്ന് നാട്ടുകാർ പ്രതിഷേധിച്ചതോടെ പോലീസിന് മൃതദേഹം ഏറ്റെടുക്കാനും കഴിഞ്ഞില്ല. പോസ്റ്റുമാർട്ടത്തിന് വിട്ടുകൊടുക്കാതെ പ്രതിഷേധിച്ച നാട്ടുകാർ ഏറെ നേരം കഴിഞ്ഞ് വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം വിട്ടുകൊടുത്തത്
Discussion about this post