ന്യൂഡൽഹി: ആദിത്യ സുഹാസ് സംവിധാനത്തിൽ നടി യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങുന്ന ‘ആർട്ടിക്കിൾ 370’ ചിത്രം കാണാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം. ചിത്രത്തെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രം കാണാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
‘ആർട്ടിക്കിൾ 370’ വിഷയത്തിൽ ആളുകൾക്ക് കൃത്യമായ വിവരവും ധാരണയും ലഭിക്കാൻ സിനിമ സഹായിക്കുന്നത് നല്ല കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ സന്ദർശനത്തിനിടെ വൻ ജനാവലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ സിനിമ കാണാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ അദ്ദേഹത്തിന് നന്ദിയറിയിച്ച് നടി യാമി ഗൗതം രംഗത്തെത്തി. ‘‘ആർട്ടിക്കിൾ 370 എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത് വലിയ അംഗീകാരമായി കാണുന്നു. എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന വിധത്തിൽ അസാമാന്യമായ കഥ നിങ്ങളിലേക്ക് എത്തിക്കാനാകുമെന്നു തന്നെ ഞാനും ടീമും ഉറച്ചു വിശ്വസിക്കുന്നു’– മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവച്ച് യാമി ഗൗതം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ മാസം 23ന് ചിത്രം തിയറ്ററിൽ എത്തും

