മുംബൈ: നടി വിദ്യാ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. വ്യാജ അക്കൗണ്ട് നിർമ്മിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസ് എടുത്ത്, അന്വേഷണം ആരംഭിച്ചു.
സിനിമാക്കാർക്ക് ഇടയിൽ തന്നെയാണ് തട്ടിപ്പ് നടത്തിയത്. വിദ്യാ ബാലന് കീഴിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചായിരുന്ന് തട്ടിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽപ്പെട്ടവർ വിദ്യാബാലനെ സമീപിച്ചതോടെയാണ് തന്റെ പേരിൽ തട്ടിപ്പ് നടത്തുന്നത് നടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടിയുടെ മാനേജർ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.
നേരത്തെയും വിദ്യാബാലന്റെ പേരിൽ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തട്ടിപ്പിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് നടി സാമൂഹിക മാധ്യമത്തിലൂടെ അഭ്യർഥിച്ചിരുന്നു. ഐടി ആക്ട് പ്രകാരം അജ്ഞാതർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

