കൊച്ചി: ബേലൂർ മഖ്ന എന്ന കാട്ടാനയെ മയക്കുവെടിവെക്കാൻ കർണാടകയുമായി ചേർന്ന് സംയുക്ത കർമപദ്ധതി തയ്യാറാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ കുറച്ച് ദിവസമായി ആനയെ പിടികൂടാൻ വനംവകുപ്പ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കർണാടക വനംവകുപ്പുമായി ചേർന്ന് ഒരു സംയുക്ത കർമപദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം, ആനയെ വെടിവെച്ചുകൊല്ലാൻ കളക്ടർക്ക് ഉത്തരവ് നൽകാനാകില്ലെന്നും കോടതി പറഞ്ഞു. നിലവിൽ ആന കർണാടക വനാതിർത്തിയിലേക്കും കേരള വനാതിർത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.
Discussion about this post