അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ആലുവ സ്‌റ്റേഷനില്‍ നിന്നുള്ള എസ്.ഐ ശ്രീലാല്‍, സിപിഒമാരായ മാഹിംഷാ, അമീര്‍, അഫ്‌സല്‍, മനോജ് എന്നിവര്‍ക്ക് നേരെയാണ് കവര്‍ച്ചാ സംഘം വെടിവച്ചത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി.
പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവരാണ് പിടിയിലായത്. പ്രതികളെ അജ്‌മേര്‍ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.
കഴിഞ്ഞ ദിവസം അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. രാത്രി പ്രതികളെ കണ്ടെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായത്. പോലീസുകാരെ കണ്ടതോടെ നിലത്തേക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. തുടര്‍ന്ന് പോലീസുകാര്‍ ഇവരെ പിന്തുടരുകയും രണ്ടുപേരെ സാഹസികമായി കീഴടക്കുകയുമായിരുന്നു. ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ശേഷമാണ് ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ടുപേരെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് രണ്ടുതോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ആലുവയില്‍നിന്നുള്ള പോലീസ് സംഘവും കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും നിലവില്‍ അജ്‌മേറിലെ പോലീസ് സ്‌റ്റേഷനിലാണ്.
Discussion about this post