പാലക്കാട്: 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് പ്രത്യേക ദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപമാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം മദ്യത്തിനും മയക്ക് മരുന്നിനും അടിമയായ ബാബു ഉമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും, ബാബുവിനെ കൊണ്ട് പൊറുതിമുട്ടിയാണ് ഇവർ ആത്മഹത്യ ചെയ്തതെന്നുമാണ് നാട്ടുകാർ പറയുന്നത്. ആത്മഹത്യ ചെയ്ത രാത്രിയിൽ ബാബു ഉമ്മയെ മർദ്ദിച്ചതായും വിവരമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോകുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ബെംഗളൂരുവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി രണ്ട് യൂണിറ്റ് കരസേന, 40ഓളം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, വനംവകുപ്പ്, നാട്ടൂകാര്‍ എന്നിവരാണ് ബാബുവിനെ അന്ന് താഴെയെത്തിച്ചത്

