ദുബായ്: ചെക്കിംഗ് നടപടികൾക്ക് ശേഷം വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി.ഇന്നലെ വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് സംഭവം. ദുബായിയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം നമ്ബർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ നിന്നാണ് യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്.
വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ മുന്നിൽ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു.പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ വെട്ടിച്ച് യുവതി പുറത്തേക്ക് ഓടുകയായിരുന്നു.
വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യുവതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലു ഗ്രൗണ്ട് സ്റ്റാഫിനെയും തള്ളി മാറ്റി തലങ്ങും വിലങ്ങും യുവതി വിമാനത്തിന് സമീപം ഓടുകയായിരുന്നു. തുടർന്ന് ദുബായി പോലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു. യുവതിക്ക് മാനസികവിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ വിലാസം മറ്റും വ്യക്തമായിട്ടില്ല. അതീവ സുരക്ഷ മേഖലയിലുള്ള യുവതിയുടെ പ്രകടനം ആശങ്ക സൃഷ്ടിച്ചു. ഇതേ തുടർന്ന് വിമാനം പുറപ്പെടാൻ 25 മിനിറ്റ് വൈകി.
Discussion about this post