ഫെബ്രുവരി എട്ടിന് മോണിറ്ററി പോളിസി അവലോകനത്തോടൊപ്പം റിസർവ് ബാങ്ക് ഗവർണർ സംസാരിച്ച ആറ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് ഡിജിറ്റൽ കറൻസി ആണ്. ഇ-റുപ്പി (e -rupee /e₹ ) എന്ന ചുരുക്കപ്പേരിൽ അറിയുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) റീറ്റെയ്ൽ പേയ്‌മെന്റ് സംവിധാനത്തിൽ ഓഫ്‌ലൈൻ (offline) സൗകര്യവും പ്രോഗ്രാമബിലിറ്റിയും (programmability) കൊണ്ട് വരും എന്നാണു ഗവർണർ പ്രഖ്യാപിച്ചത്.
എന്താണ് ഇ-റുപ്പി
ഇപ്പോൾ വ്യക്തികൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലും സ്ഥാപനങ്ങൾ തമ്മിൽ തമ്മിലും കൈമാറുന്ന കറൻസി നോട്ടുകൾക്ക് പകരം ഡിജിറ്റൽ കറൻസി കൈമാറുന്ന പുതിയ സംവിധാനമാണ് ഇ-റുപ്പി. റിസർവ് ബാങ്ക് തന്നെയാണ് ഇ-റുപ്പിയും ഇറക്കുന്നത്. നാം എടുത്തുപയോഗിക്കുന്ന സാധാരണ നോട്ടുകൾക്ക് പകരം ടോക്കൺ രൂപത്തിലുള്ള കറൻസിയാണ് ഇ-റുപ്പി. ഇത് മൊബൈലിൽ സൂക്ഷിക്കാവുന്നതും പേഴ്‌സിൽ നിന്നും നോട്ടുകൾ എടുത്ത് കൈമാറ്റം ചെയ്യുന്നതുപോലെ ടോക്കൺ രൂപത്തിൽ മൊബൈൽ വഴി കൈമാറ്റം ചെയ്യാവുന്നതുമാണ്. 2022 ഡിസംബർ ഒന്നിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി നടപ്പിലാക്കിയത്.
ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ഇ-റുപ്പി രണ്ടു രീതിയിൽ ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒന്ന് ഇ-റുപ്പി റീറ്റെയ്ൽ (CBDC-R). ഇത് വ്യക്തികൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിൽ തമ്മിലും ഉള്ള പണമിടപാടിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. ടോക്കൺ രൂപത്തിലാണ് ഇവിടെ ഡിജിറ്റൽ റുപ്പി ലഭിക്കുക. ബാങ്ക് അക്കൗണ്ട് വേണ്ട. ഇ-വാലറ്റ് (e -wallet) വഴി മൊബൈലിൽ ആണ് പണം സൂക്ഷിക്കുക. പാസ്‌വേഡ് ഉപയോഗിച്ച് പണം കൈമാറാം.
റിസർവ് ബാങ്ക്, പൊതുമേഖല ബാങ്കുകൾ, സ്വകാര്യബാങ്കുകൾ എന്നിവയുടെയെല്ലാം ഇടപാടുകൾക്കാണ് (inter bank settlements) ഇ റുപ്പി ഹോൾസൈൽ (CBDC -W). ഇത് അക്കൗണ്ട് വഴിയായിരിക്കും (Account based) നടക്കുക. രണ്ടു രീതിയിലാണ് ഇവിടെ കറൻസിയുടെ നിയന്ത്രണം ഉദ്ദേശിക്കുന്നത്. ഇ-റുപ്പി ഇറക്കുന്നതു മുതൽ ഉപയോഗവും കണക്കു സൂക്ഷിക്കുന്നതും അടക്കം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റിസർവ് ബാങ്ക് തന്നെ നേരിട്ട് നോക്കുന്ന (single tier direct model) രീതിയാണ് ഒന്ന്. മറ്റൊന്ന്, റിസർവ് ബാങ്ക് ഇ റുപ്പി ബാങ്കുകൾക്ക് നൽകും. ബാങ്കുകളായിരിക്കും തുടർന്നുള്ള വിതരണവും മറ്റും കൈകാര്യം ചെയ്യുക (two tier indirect model). രാജ്യാന്തര ഇടപാടുകൾ അടക്കം (cross border settlements) കൈകാര്യം ചെയ്യാൻ ഇ-റുപ്പി ലക്ഷ്യമിടുന്നു.
Discussion about this post