മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിലൂടെ ഇനി ബസിൽ യാത്ര ചെയ്യാം. സർവീസ് ആരംഭിച്ച് മുംബൈ പൂനൈ ശിവനേരി ബസ് സർവീസ്. ശിവ്നേരി വോൾവോ, ഇ ശിവ്നേരി എന്നീ ബസുകളാണ് പാലത്തിലൂടെ സർവീസുകൾ നടത്തുക. പൂനെ സ്റ്റേഷനിൽ നിന്ന് മന്ത്രാലയയിലേക്ക് ശിവ്നേരി വോൾവോയും സ്വർഗേറ്റിൽ നിന്ന് ദാദറിലേക്കും ഇ-ശിവ്നേരി ബസുമാണ് സർവീസ് നടത്തുന്നത്. അതേസമയം, മുംബൈ പൂനൈ റൂട്ടിൽ ഓടുന്ന ബസിന്റെ നിരക്ക് തന്നെയാകും ഈ പാതയിലും ഈടാക്കുക എന്ന് എംഎസ്ആർടിസി അറിയിച്ചു.
അടൽ സേതു താണ്ടിയുള്ള ഈ റൂട്ട് വഴിയുള്ള യാത്രാ സമയം 25 ശതമാനം കുറയ്ക്കുമെന്നാണ് അധികൃതർ കരുതുന്നത്. യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയ്ക്കും ഇത് പുത്തൻ ഉണർവേകും. ബസിലൂടെ കടൽപ്പാലത്തിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.
ലോകത്തിലെ തന്നെ 12-ാമത്തെ ദൈർഖ്യമേറിയ കടൽപ്പാലമാണിത്. സൗത്ത് മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ നിന്നും 20 മിനിറ്റായി കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ആറുവരിയിലായി 21.8 കിലോമീറ്റർ നീളമുള്ള പാലം 17,840 കോടിയിലധികം രൂപ ചെവലവിലാണ് നിർമിച്ചിരിക്കുന്നത്.
ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് ഓൺലൈൻ വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കും. www.msrtc.gov.in, www.npublic.msrtcors.com എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് ബസുകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.
Discussion about this post