മലപ്പുറം: ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചത്. ടിപി കൊലക്കേസിൽ സി.പി.എം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തൻ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫസൽ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂർ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം. ഷാജി പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി.കെ. കുഞ്ഞനന്തൻ 2020 ജൂണിലാണ് മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടയിലായിരുന്നു മരണം. ടി.പി വധക്കേസിൽ 13-ാം പ്രതിയായിരുന്നു.
ജയിലിലായിരിക്കുമ്പോഴും അദ്ദേഹത്തെ സി.പി.എം ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ടി.പി വധത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചിരുന്നത്.
Discussion about this post