ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്കീയർ മരിച്ചു. സ്കീയിങ്ങിനെത്തിയ ഏഴംഗ റഷ്യൻ സംഘാംഗമാണ് മരിച്ചത്. വ്യാഴാഴ്ച ഉണ്ടായ ഹിമപാതത്തില്‍പ്പെട്ട് സ്കീയിങ്ങിന് പോയ വിദേശികളിൽ ഒരാൾ മരണപ്പെട്ടതായും ആറുപേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വദേശികള്‍ ഒപ്പമില്ലാതെയാണ് ഇവർ സ്കീയിങ്ങിന് പോയതെന്നും അധികൃതർ വ്യക്തമാക്കി.
സൈനിക ഉദ്യോഗസ്ഥരുടെയും ജമ്മു കശ്മീർ ഭരണകൂടത്തിൻ്റെ പട്രോളിംഗ് ടീമിന്റെയും സഹായത്തോടെ ഹെലികോപ്റ്ററുകൾ വിന്യസിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്. വിനോദസഞ്ചാരികൾ മഞ്ഞിൽ കുടുങ്ങിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗുൽമാർഗിൽ ജനുവരി മാസം ആദ്യ ആഴ്ചകളിൽ വരണ്ട കാലാവസ്ഥയായിരുന്നുവെങ്കിലും ഫെബ്രുവരി ആദ്യം മുതൽ വൻ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്കീയിങ്ങിന് അനുയോജ്യമായ ചരിവുകൾകൊണ്ട് പ്രസിദ്ധമായ ഗുൽമാർഗിൽ മഞ്ഞുവീഴ്ച തുടങ്ങുന്നതോടെ നിരവധി വിനോദസഞ്ചാരികൾ എത്താറുണ്ട്.
Discussion about this post