ന്യൂഡൽഹി: തനിക്ക് കൊവിഡ് 19 ബാധിച്ചപ്പോഴുണ്ടായ അനുഭവം അനുസ്മരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചികിത്സയ്ക്കായി ആയുഷിൽ നിന്നുള്ള വൈദ്യ സഹായമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആയുഷിൽ നിന്നും ചികിത്സ ഉറപ്പാക്കാൻ തന്നെ പ്രേരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്യവേയാണ് തന്റെ കോവിഡ് കാലം ചീഫ് ജസ്റ്റിസ് ഓർത്തെടുത്തത്. കൊറോണ ബാധിതനായപ്പോൾ പ്രധാനമന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും അസുഖം വളരെ വേഗം മാറുമെന്നും തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും ചന്ദ്രചൂഡ് പറഞ്ഞു. ആയുഷ് മന്ത്രാലയത്തിൽ നിന്നുള്ള സെക്രട്ടറിയും പരിചരിക്കാൻ ആവശ്യമുള്ള ഒരാളെയും നിങ്ങൾക്കായി ബന്ധപ്പെടാമെന്നും മരുന്നും മറ്റും നൽകുമെന്നും പ്രധാനമന്ത്രി തന്നെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് മാസത്തോളമായി താൻ പൂർണ വെജിറ്റേറിയനാണെന്നും തുടർന്നും അങ്ങനെ തുടരനാണ് താത്പര്യപ്പെടുന്നതെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ആഹാരം വലിയ രീതിയിൽ നമ്മേ സ്വാധീനിക്കുമെന്നും അതുകൊണ്ട് ആഹാരകാര്യങ്ങലിൽ നാം കൂടുതൽ ശ്രദ്ധാലുവാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ താൻ യോഗ ആചരിക്കുന്നുണ്ട്. സമഗ്രമായ ജീവിത രീതിയിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

