കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിവേചനം ഉണ്ടെന്ന് തുറന്നടിച്ച് കോൺഗ്രസ് എംഎൽഎയും ബാബ സിദ്ദിഖിൻ്റെ മകനുമായ സീഷൻ സിദ്ദിഖ്. മുംബൈ യൂത്ത് കോൺഗ്രസ് നേതൃ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. പാർട്ടിക്കുള്ളിൽ വിവേചനം ഉണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ ടീമിലെ ഒരാൾ വയനാട് എംപിയെ കാണണമെങ്കിൽ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
“രാഹുൽ ഗാന്ധി ഒരു നല്ല നേതാവാണ്, അദ്ദേഹം തൻ്റെ ജോലി ചെയ്യുന്നു. മല്ലികാർജുൻ ഖാർഗെ എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. പക്ഷേ, സീനിയോറിറ്റി ഉണ്ടായിരുന്നിട്ടു കൂടി ഖാർഗെയുടെ കൈകൾ പോലും കെട്ടിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള സംഘം പാർട്ടിയെ നശിപ്പിക്കുന്നു; കോൺഗ്രസിനെ ഇല്ലാതാക്കാൻ അവർ മറ്റൊരു പാർട്ടിയിൽ നിന്ന് അച്ചാരം വാങ്ങിയത് പോലെ തോന്നുന്നു ,” സീഷൻ സിദ്ദിഖ് പറഞ്ഞു.
“ഞാൻ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. അന്ന് രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള ഒരാൾ എന്നോട് ശരീരഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ആദ്യം 10 കിലോ കുറയ്ക്കൂ, എന്നിട്ട് നിങ്ങൾക്ക് രാഹുൽ ഗാന്ധിയെ കാണാം എന്നാണ് അയാൾ പറഞ്ഞത്. ഞാൻ ഒരു എംഎൽഎയാണ്, മുംബൈ യൂത്ത് കോൺഗ്രസിൻ്റെ തലവനാണ്. ആ എന്നെയാണ് അയാൾ ബോഡി ഷെയ്മിംഗ് ചെയ്തത്” സീഷൻ സിദ്ദിഖ് പറഞ്ഞു
Discussion about this post