മുംബൈ: ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന് ദുബായിലേക്ക് കടന്നെന്ന് സൂചന. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി നിര്‍ദേശിക്കുകയായിരുന്നു. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. നേരത്തെ തന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്.
ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലർ ഇറക്കിയത്. എന്നാല്‍, ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റി. ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
അതേസമയം ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകർ ഇന്ന് യോഗം വിളിച്ചിട്ടണ്ട്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ പുറത്താക്കുകയെന്നതാണ് യോഗത്തിന്റെ ലക്ഷ്യം . ഈ യോഗത്തില്‍ ബൈജുവിനെ ക്ഷണിച്ചിട്ടില്ല. യോഗത്തിനെതിരേ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഇജിഎം നടത്തുന്നതിന് തടസ്സമില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post