ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.
കനത്ത ചൂടായതിനാൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങൾ ഉൾപ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ക്ഷേത്രത്തിലേക്കുള്ള റോഡിൻറെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേ പ്രത്യേക സർവീസും നടത്തും. തിളക്കുന്ന വേനൽചൂട് വകവയ്ക്കാതെ പൊങ്കാലത്തിരക്കിലാണ് ആറ്റുകാൽ ക്ഷേത്ര പരിസരം. പൊങ്കാല തീയതി അടുത്തതോടെ നേരവും കാലവും കാലാവസ്ഥയുമൊന്നും പ്രശ്നമാക്കാതെ ക്ഷേത്രത്തിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടരുകയാണ്
Discussion about this post