ദിസ്പൂർ: അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏക സിവില്‍ കോഡ് കൊണ്ടവരുന്നതിന് മുന്നോടിയാണ് ഈ തീരുമാനമെന്ന് മന്ത്രി ജയന്ത മല്ലബറുവ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. മുസ്ലിം വിവാഹവും വിവാഹ മോചനവും ഇനി സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനം.
‘ഞങ്ങള്‍ ഏക സിവില്‍ കോഡിലേക്ക് (യുസിസി) നീങ്ങുകയാണെന്ന് മുഖ്യമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. അതിനായി പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിട്ടുണ്ട്. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935ന്റെ കീഴില്‍ 94 മുസ്ലിം രജിസ്ട്രാര്‍മാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഇന്ന് റദ്ദാക്കി. മന്ത്രിസഭ ഇന്ന് ഈ നിയമം അവസാനിപ്പിച്ചു, ഇനി ഈ നിയമപ്രകാരം മുസ്ലിം വിവാഹമോ വിവാഹമോചനമോ രജിസ്റ്റര്‍ ചെയ്യില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളതിനാല്‍ എല്ലാ കാര്യങ്ങളും ആ നിയമത്തിലൂടെ ആകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’, എന്നായിരുന്നു ജയന്ത മല്ലബറുവയുടെ വിശദീകരണം
മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണറും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 94 മുസ്ലിം രജിസ്ട്രാര്‍മാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കി ചുമതലകളില്‍ നിന്ന് നീക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ തീരുമാനത്തിലൂടെ സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കൂടിയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏക സിവില്‍ കോഡിലേക്ക് നീങ്ങുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കിയ മന്ത്രി ഈ നിയമം ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടരുന്നതാണെന്നും ചൂണ്ടിക്കാണിച്ചു. ഇന്നത്തെ കാലത്ത് ഈ നിയമം കാലഹരണപ്പെട്ടതായി തോന്നുന്നു. നിരവധി പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെയും 18 വയസ്സിന് താഴെയുള്ള സ്ത്രീകളുടെയും വിവാഹം ഉറപ്പാക്കാനും ശൈശവ വിവാഹം ഇല്ലാതാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഗോത്ര ഭാഷകളായ മിസിംഗ്, രഭ, കര്‍ബി എന്നിവ പ്രൈമറി വിദ്യാഭ്യാസത്തില്‍ പ്രബോധന ഭാഷയാക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പുതിയ തലമുറകള്‍ക്കിടയില്‍ ഈ ഭാഷകളെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും മല്ലബറുവ ചൂണ്ടിക്കാണിച്ചു. ബലിപ്പാറ ട്രൈബല്‍ ബ്ലോക്കിലെ അഹോംസ്, കോച്ച് രാജ്‌ബോങ്ഷികള്‍, ഗൂര്‍ഖകള്‍ എന്നീ സമുദായങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും പ്രത്യേകാവകാശങ്ങള്‍ ലഭിക്കുന്നതിനായി സംരക്ഷിത വര്‍ഗ പദവി നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കച്ചാര്‍, കരിംഗഞ്ച്, ഹൈലകണ്ടി, ഹോജായ് എന്നീ നാല് ജില്ലകളില്‍ മണിപ്പൂരി ഭാഷ അസോസിയേറ്റ് ഔദ്യോഗിക ഭാഷയായും അസം മന്ത്രിസഭ പ്രഖ്യാപിച്ചു.
അസം അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയെ വിഭജിച്ച് അതില്‍ നിന്ന് പുതിയ അസം വെറ്ററിനറി ആന്‍ഡ് ഫിഷറി യൂണിവേഴ്‌സിറ്റി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുവാഹത്തിയിലെ ഖാനപാറയിലെ ഫാക്കല്‍റ്റി ഓഫ് വെറ്ററിനറി സയന്‍സസും റാഹയിലെ ഫിഷറി സയന്‍സ് കോളേജും ചേര്‍ന്ന് പുതിയ അസം വെറ്ററിനറി ആന്‍ഡ് ഫിഷറി സര്‍വകലാശാല രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post