ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ടെലിവിഷൻ അവതാരകനെ യുവതി തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിനിയായ 31കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോഗിറെഡ്ഡി തൃഷ എന്ന യുവതിയാണ് അവതാരകൻ പ്രണവ് സിസ്‌ലയെ തട്ടിക്കൊണ്ടുപോയത്. അഞ്ച് സ്റ്റാർട്ടപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായ തൃഷ. യുവതിക്കൊപ്പം ഇവരുടെ അഞ്ച് കൂട്ടാളികളെയും തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു മാട്രിമോണിയൽ സൈറ്റിൽ പ്രണവ് സിസ്‌ലയുടെ പ്രൊഫൈൽ കണ്ട് യുവതി ഇയാളെ സമീപിക്കുകയായിരുന്നു. എന്നാൽ ഇത് മറ്റാരോ വ്യാജമായി നിർമ്മിച്ച പ്രൊഫൈലായിരുന്നു. ഇതിനിടെ യുവതിയിൽ നിന്ന് അജ്ഞാതൻ പണം തട്ടിയെടുക്കുകയും ചെയ്തു. ഇയാൾ പിന്നീട് വിവാഹാഭ്യർത്ഥന നിരസിച്ചതോടെയാണ് യുവതി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നത്.
രണ്ട് വർഷം മുമ്പ് ഭാരത് മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി ചൈതന്യ റെഡ്ഡി എന്ന പേരിലുള്ള പ്രൊഫൈലുമായാണ് യുവതി ബന്ധപ്പെട്ടത്. സംഭാഷണം പിന്നീട് വാട്ട്‌സ്ആപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും നീണ്ടു. കുറച്ച് നാളുകൾക്ക് ശേഷം, നല്ല വരുമാനം വാഗ്ദാനം ചെയ്ത് തൻ്റെ ബിസിനസിൽ നിക്ഷേപിക്കാൻ യുവാവ് ആവശ്യപ്പെട്ടു. ഇതോടെ തൃഷ യുപിഐ വഴി 40 ലക്ഷം രൂപ ഇയാൾക്ക് നൽകിയതായി പോലീസ് പറയുന്നു. എന്നാൽ പണം ലഭിച്ച ശേഷം അജ്ഞാതൻ സ്ത്രീയെ അവഗണിക്കാൻ തുടങ്ങി.
കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പ്രൊഫൈലിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അത് പ്രണവിൻ്റേതാണെന്ന് തെളിഞ്ഞു. മാട്രിമോണി സൈറ്റിലെ പ്രൊഫൈൽ ചിത്രവും പ്രണവിൻ്റേതായിരുന്നു. ചൈതന്യ റെഡ്ഡി എന്ന അജ്ഞാതൻ തൻ്റെ ഫോട്ടോ ഉപയോഗിച്ച് ഭാരത് മാട്രിമോണിയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രണവ് പറഞ്ഞെങ്കിലും, തൃഷ പിന്തിരിയാൻ തയ്യാറായില്ല. യുവതി അവതാരകന് സന്ദേശങ്ങൾ അയയ്ക്കുന്നത് തുടർന്നു.
ഇതിന് പിന്നാലെ അവതാരകനെ വിവാഹം കഴിക്കുന്നതിൽ ഉറച്ചു നിന്ന യുവതി, തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. അതിനാായി നാലുപേരെ യുവതി സജ്ജരാക്കിയിരുന്നു. ഇയാളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ കാറിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

