ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. അധികനികുതി ഈടാക്കാനുള്ള തീരുമാനം ഇന്നലെ വൈകിട്ട് നടന്ന സംസ്ഥാന നിയമസഭാ കൗൺസിലിൽ പരാജയപ്പെട്ടു. ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് 10 ശതമാനം അധികനികുതി ഏർപ്പെടുത്താനായിരുന്നു സർക്കാരിന്റെ നീക്കം. സംസ്ഥാന നിയമസഭയിൽ ബിൽ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് നിയമസഭാ കൗൺസിലിൽ ബിൽ പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം സർക്കാർ പാസാക്കിയ ബിൽ അനുസരിച്ച് ഒരു കോടി രൂപയിൽ അധികം വരുമാനമുള്ള ക്ഷേത്രത്തിൽ 10 ശതമാനം അധിക നികുതിയും 10 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് അഞ്ച് ശതമാനം അധികനികുതിയും ഏർപ്പെടുത്താനാണ് തീരുമാനമായത്. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കോൺഗ്രസ് നീക്കം ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിക്ഷേധിച്ചിരുന്നു. ബിൽ പാസാക്കുന്നതിലൂടെ ഹിന്ദുവിരുദ്ധ നയങ്ങളിൽ സർക്കാർ പങ്കാളികളാകുകയാണെന്നും ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുമെന്നും ബിജെപി ആരോപിച്ചു. കർണാടകയിലെ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനുള്ളതിനേക്കാൾ കൂടുതൽ സംഖ്യ ബിജെപി നയിക്കുന്ന എൻഡിഎയ്ക്കാണുള്ളത്. അതിനാൽ തന്നെ വോട്ടിങ്ങിനിടെ ബിൽ പരാജയപ്പെടുകയായിരുന്നു.
സഭയിൽ ബിൽ പാസായതിന് ശേഷം, എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങൾ മാത്രം പരിശോധിക്കുന്നുവെന്നും മറ്റ് മതങ്ങളുടെ വരുമാനം പരിശോധിക്കുന്നില്ലെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ ചോദിച്ചു. അതേസമയം, ക്ഷേത്രങ്ങളിൽ നിന്നും നികുതിയായി ഈടാക്കുന്ന പണം സർക്കാർ എടുക്കില്ലെന്നും ‘ധർമിക് പരിഷത്’ പ്രവർത്തനങ്ങൾക്ക് വേണ്ടി അത് പ്രയോജനപ്പെടുത്തുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൂജാരിമാരെ സഹായിക്കുന്നതിനും, സി ഗ്രേഡ് ക്ഷേത്രങ്ങളുടെ ഉന്നമനത്തിനും, ക്ഷേത്രപൂജാരിമാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കൽ എന്നിവയെല്ലാം ധാർമിക പരിഷത്തിന്റെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post