ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന പദ്ധതികളിലൊന്നായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2026 ഓടെ ഭാഗികമായെങ്കിലും സർവീസ് ആരംഭിക്കുമെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. 1.10 ലക്ഷം കോടി രൂപ ചെലവിൽ ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യയിലെത്തുന്ന ബുള്ളറ്റ് ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി സാമ്പത്തിക അഭിവൃദ്ധിയുടെ ഇടനാഴി തുറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
ബുള്ളറ്റ് ട്രെയിൻ ഭൂഗർഭ തുരങ്കത്തിലൂടെ കടന്നുപോകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സാങ്കേതിക വിസ്മയമായി കണക്കാക്കപ്പെടുന്ന 21 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിൻ്റെ നിർമാണം അതിവേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ട്രെയിനുകൾ പരമാവധി 320 കിലോമീറ്റർ വേഗതയിലാകും തുരങ്കത്തിലൂടെ കടന്നുപോകുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സമീപത്തെ ഉയരമുള്ള കെട്ടിടങ്ങളെ ഒരു തരത്തിലും ബാധിക്കാതെയുള്ള തുരങ്ക നിർമാണം വെല്ലുവിളിയാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാർ പദ്ധതിക്ക് ആവശ്യമായ അനുമതി നൽകാനും ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സമുണ്ടാക്കുകയും ചെയ്തു. എന്നാൽ, ഏകനാഥ് ഷിൻഡെയുടെയും ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെയും നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് പത്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി നൽകിയെന്ന് വൈഷ്ണവ് പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി വൻകിട നഗരങ്ങളായ മുംബൈ, സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നിവടങ്ങളിലൂടെയാണ് കടന്നു പോവുക. 2026 ഓടെ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. ഇതിനായി 1.10 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കാണകാക്കുന്നത്.
Discussion about this post