ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കാൻ കോൺഗ്രസും ആം ആദ്മിയും തമ്മിൽ തീരുമാനമായി. ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് പങ്കിടല്‍ കരാറുകള്‍ പ്രഖ്യാപിച്ച് എഎപിയും കോണ്‍ഗ്രസും. രാജ്യതലസ്ഥാനത്ത് ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് ആം ആദ്മി പാർട്ടിയും മൂന്ന് സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിക്കുക.
ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ നാല് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഹരിയാനയില്‍ കോണ്‍ഗ്രസ് ഒമ്പത് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും കുരുക്ഷേത്രയില്‍ നിന്ന് ഒരു സീറ്റ് എഎപിക്ക് നല്‍കിയിട്ടുണ്ടെന്നും വാസ്നിക് അറിയിച്ചു.
എഎപിക്ക് ഗുജറാത്തില്‍ ഭാവ്നഗറും ബറൂച്ചും ലഭിച്ചപ്പോള്‍ ചണ്ഡീഗഡിലും ഗോവയിലെ രണ്ട് ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബില്‍ 13 ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഭരണകക്ഷിയായ എഎപി നേരത്തെ പറഞ്ഞിരുന്ന പഞ്ചാബില്‍ സീറ്റ് പങ്കിടല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നില്ല.
ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തങ്ങളുടെ ചിഹ്നത്തില്‍ വോട്ട് തേടുമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് വാസ്നിക് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ പ്രതികൂല വെല്ലുവിളികളെ ചെറുക്കാനാണ് സീറ്റ് പങ്കിടല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post