ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ഗുജറാത്തിലെ സുദർശൻ സേതു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും. 2017-ലാണ് പാലം നിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്.
980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു. 979 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലത്തിന് 27.20 മീറ്റർ വീതിയുണ്ട്, ഇരുവശങ്ങളിലും 2.50 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. യഥാർത്ഥത്തിൽ ‘സിഗ്നേച്ചർ ബ്രിഡ്ജ്’ എന്ന് പേരിട്ടിരുന്ന ഈ ഘടനയ്ക്ക് ‘സുദർശൻ സേതു’ അല്ലെങ്കിൽ സുദർശൻ പാലം എന്ന് പുനർനാമകരണം ചെയ്തതായി ജില്ലാ കളക്ടർ ജിടി പാണ്ഡ്യ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഓഖ തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബെയ്റ്റ് ദ്വാരക, ശ്രീകൃഷ്ണൻ്റെ ദ്വാരകാധീഷ് ക്ഷേത്രത്തിൻ്റെ ആസ്ഥാനമാണ്. നിലവിൽ, ബെയ്റ്റ് ദ്വാരകയിലെ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് പകൽ ബോട്ട് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ, 24 മണിക്കൂറും യാത്രക്കാർക്ക് പ്രവേശനം ഉണ്ടാകും.
Discussion about this post