ഗുജറാത്ത് സന്ദർശനത്തിൻറെ രണ്ടാം ദിനത്തിൽ അറബിക്കടലിൻറെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന പുരാതന ദ്വാരക ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്കൂബ ഡൈവിങ് ടീമിനൊപ്പം കടലിന് അടിയിലേക്ക് പോയ മോദി സ്ഥലത്ത് പ്രാർത്ഥന നടത്തി. ശ്രീകൃഷ്ണൻറെ പ്രതീകമായ മയീൽപ്പിലിയും കൈയ്യിൽ പിടിച്ചാണ് മോദി ആഴക്കടലിലെ ദ്വാരകയെ ദർശിക്കാനെത്തിയത്. ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാൻ ശ്രീകൃഷ്ണൻറെ രാജധാനിയായ ദ്വാരക ദ്വാപരയുഗത്തിൻറെ അന്ത്യത്തോടെ കടലെടുത്തു എന്നാണ് ഐതിഹ്യം.
“ജലത്തിൽ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തിൽ പ്രാർത്ഥിക്കുക എന്നത് വളരെ ദിവ്യമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിൻ്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ,” – മോദി എക്സിൽ കുറിച്ചു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേഡ് പാലമായ സുദർശൻ സേതുവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രശസ്തമായ ദ്വാരകാധീശ ക്ഷേത്രത്തിലും മോദി ദർശനം നടത്തി.
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുൻപ് തമിഴ്നാട്ടിലെ രാമേശ്വരത്ത് എത്തിയ മോദി കടലിലെ രുദ്രതീർത്ഥത്തിൽ സ്നാനം നടത്തിയിരുന്നു.
Discussion about this post