പഞ്ചാബ്: ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിലാണ് ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ അധികൃതരുടെ കഠിന പരിശ്രമത്തിൽ മുകേരിയനിൽ വെച്ച് ട്രെയിൻ നിർത്തുകയായിരുന്നു. വൻ അപകടമാണ് തലനാഴിരയ്ക്ക് ഒഴിവായത്.
കത്വ സ്റ്റേഷനിൽ വച്ച് എൻജിൻ ഓഫാക്കാത്ത ചായ കുടിക്കാൻ ലോക്കോ പൈലറ്റും സഹപൈലറ്റും പുറത്തിറങ്ങിയിരുന്നു. ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്ക് ഇടാനും ലോക്കോ പൈലറ്റ് മറന്നതാവാമെന്നാണ് നിഗമനം. കല്ലുകൾ കയറ്റിവന്ന ഗുഡ്സ് ട്രെയിൻ അഞ്ച് സ്റ്റേഷനുകൾ താണ്ടിയാണ് ഉച്ചി ബസ്സിയിൽ എത്തിയത്. ആ സമയം മറ്റൊരു തീവണ്ടിയും എതിർദിശയിൽ നിന്ന് വരാഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
റെയിൽവേ ട്രാക്കിൽ മരക്കട്ടികൾ സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

