കലവൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥി പ്രജിത്ത് ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിൽ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ടു തല്ലിയതിനുമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു വകുപ്പുകള്‍ ചുമത്തുന്നതാനാവു എന്ന് പോലീസ് വ്യക്തമാക്കി.
ഫെബ്രുവരി 15-നാണ് കലവൂര്‍ അഴിക്കകത്തുവീട്ടില്‍ മനോജിന്റെ മകന്‍ പ്രജിത്ത് സ്‌കൂള്‍വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അവസാന ക്ലാസില്‍ പ്രജിത്തിനെയും കൂട്ടുകാരന്‍ വിജയിയെയും കാണാത്തതിനെത്തുടര്‍ന്ന് അധ്യാപിക വഴക്കുപറയുകയും കായികാധ്യാപകന്‍ വടികൊണ്ടുതല്ലുകയും ചെയ്തതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് മനോജ് പോലീസിനു മൊഴിനല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

