തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. സിഎംആർഎൽ കമ്പനിക്കായും അവരെ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ മുഖ്യമന്ത്രി നടത്തിയെന്നും സിഎംആർഎൽ കമ്പനിയിൽ നിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന കുഴൽനാടൻ ആരോപിച്ചു.
സി.എം.ആർ.എൽ കമ്പനിക്ക് വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസ്സാര വിലയ്ക്ക് നൽകിയെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്നും വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണെന്നും സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു. ഈ വിഷയത്തിൽ തുറന്നചർച്ചയ്ക്ക് തയാറാണെന്നും എം.ബി രാജേഷും പി. രാജീവും ചർച്ചയ്ക്ക് തയാറാണോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സിഎംആർഎലുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതൽ ഇടപെടലുകൾ നടത്തിയതിന്റെ തെളിവുകൾ കുഴൽനാടൻ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ, സിഎംആർഎലിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നതാണ് പ്രധാന ആരോപണം. ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ചെയ്യാനുള്ള അനുമതി സി.എം.ആർ.എൽ കമ്പനിക്ക് സർക്കാർ നൽകിയത്, വീണ വിജയന് കമ്പനി 1.72 കോടി രൂപ മാസപ്പടിയായി നൽകിയതിന് പകരമാണെന്ന ആരോപണങ്ങളുടെ തുടർച്ചയായി മാധ്യമങ്ങളുമായി സംസാരിക്കവേയായിരുന്നു കുഴൽനാടൻ എം.എൽ.എയുടെ പ്രതികരണം.
Discussion about this post