റാഞ്ചി: ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ പാർട്ടിയുടെ ഏക എംപി ബിജെപിയിൽ ചേർന്നു. എംപി ഗീത കോഡയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
റാഞ്ചിയിൽ വെച്ച് സംസ്ഥാന പാർട്ടി അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഇവർ. സിംഗ്ഭും ലോക്‌സഭാ സീറ്റിൽ നിന്നാണ് ഗീത കോഡ വിജയിച്ചത്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14ൽ 12 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു. കോൺഗ്രസ് ഒരു സീറ്റ് നേടിയപ്പോൾ ഒരു സീറ്റിൽ സംസ്ഥാനത്തെ സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് വിജയിച്ചു. അതേ സമയം കോൺഗ്രസും ജെഎംഎമ്മും ഇക്കുറി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. സീറ്റ് പങ്കിടൽ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഝാർഖണ്ഡിലെ സിംഗ്ഭും, ലോഹർദാഗ, ഖുന്തി, ദുംക, രാജ്മഹൽ എന്നീ അഞ്ച് എസ്ടി സീറ്റുകൾ ഉൾപ്പെടെ 7 സീറ്റുകളാണ് ജെഎംഎം മത്സരിക്കുകയെന്നാണ് റിപ്പോർട്ട്.

