ന്യൂഡൽഹി: ബിജെപി നൽകിയ അപകീർത്തിക്കേസിൽ ക്ഷമാപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താൻ ബിജെപി ഐടി സെല്ലിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത് ഒരു അബദ്ധമായിരുന്നെന്നും തെറ്റുപറ്റിയെന്നും അഭിഭാഷകൻ മുഖേന കെജ്‌രിവാൾ സുപ്രീം കോടതിയെ ബോധിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് കെജ്‌രിവാളിനുവേണ്ടി ഹാജരായത്.
യൂട്യൂബറായ ധ്രുവ് റാട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്‌തതിലൂടെ തനിക്ക് തെറ്റ് പറ്റിയെന്നാണ് കെജ്‌രിവാൾ കോടതിയെ അറിയിച്ചത്. 2018-ലാണ് ധ്രുവ് റാട്ടി ബിജെപി ഐടി സെല്ലിനെ വിമർശിച്ച് ചെയ്‌ത വീഡിയോ കെജ്‌രിവാൾ റീട്വീറ്റ് ചെയ്‌തത്. ഇതിനെതിരെ ബിജെപി പ്രവർത്തകനായ വികാസ് സംകൃത്യായൻ ക്രിമിനൽ മാനനഷ്‌ട കേസ് ഫയൽ ചെയ്‌തിരുന്നു.
കേസിലെ നടപടികൾ തടയണമെന്ന കെജ്‌രിവാളിൻറെ ആവശ്യം നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് തനിക്ക് സമൻസ് അയച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. കെജ്‌രിവാളിൻറെ ക്ഷമാപണം കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജസ്‌റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബഞ്ച് പരാതിക്കാരനോട് ചോദിച്ചു.
ഹർജിയിൽ സുപ്രീം കോടതി ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. മാർച്ച് 11-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതുവരെ ഹർജി പരിഗണിക്കരുതെന്ന് വിചാരണ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തൻ്റെ ട്വീറ്റ് പരാതിക്കാരനായ വികാസ് സാംകൃത്യായനെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് വിലയിരുത്തുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്നാണ് കെജ്‌രിവാൾ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. എന്നാൽ അപകീർത്തികരമായ ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നത് മാനനഷ്‌ട കേസിന് കാരണമാകുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഒരാൾക്ക് പൂർണ ബോധ്യമില്ലാത്ത ഉള്ളടക്കം റീട്വീറ്റ് ചെയ്യുമ്പോൾ അയാൾക്ക് അതിനുള്ള ഉത്തരവാദിത്തബോധം ഉണ്ടാകണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Discussion about this post