കൊച്ചി: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് ഡയറക്ടറായ അനന്ത് അംബാനിയാണ് ഈ സംരഭം ആവിഷ്കരിച്ചത്.
ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ മൂവായിരം ഏക്കറിൽ വ്യാപിച്ചാണ് വന്താര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് വനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മൃഗങ്ങൾക്ക് പ്രകൃതിദത്തവും സമ്പുഷ്ടവും സമൃദ്ധവും ഹരിതവുമായ ആവാസ വ്യവസ്ഥ ഇവിടെ ഒരുക്കിയിട്ടുളളത്. ആഗോളതലത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകാൻ സംരംഭത്തിന് സാധിക്കും.
മനുഷ്യത്വപരവും ദൈവീകവുമായ സേവയാണ് മൃഗസംരക്ഷണമെന്ന് അനന്ത് അംബാനി പറഞ്ഞു. അമ്മയിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈന്ദവ വിശ്വാസത്തിൽ മൃഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി, ഈ പദ്ധതിയിലൂടെ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിലും മുൻകൈയെടുത്തു. സുവോളജിക്കൽ പാർക്കല്ല വന്താരയെന്നും മറിച്ച് സേവാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക സാങ്കേതികവിദ്യയിൽ സജ്ജമാക്കിയ മൃഗാശുപത്രിയും ഇവിടെയുണ്ട്. എംആർഐ, സിടി സ്കാൻ മെഷീനുകൾ, എൻഡോസ്കോപ്പിക് റോബോട്ടിക് സർജറി മെഷീനുകൾ, ആറ് ശസ്ത്രക്രിയാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post