തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്കുള്ള ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ, ശുഭാന്‍ശു ശുക്ല എന്നിവരാണ് ആ നാലു പേർ. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനവും പൂര്‍ത്തിയായി കഴിഞഞു. 2025-ല്‍ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്.
അഭിമാനകരമായ നിമിഷമാണിതെന്നും പുതിയ കാലചക്രത്തിന്‍റെ തുടക്കമാണെന്നും പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളെ കാണാന്‍ സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും അവരെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാല് പേരുകള്‍ നാല് മനുഷ്യര്‍ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ബഹിരാകാശ യാത്രികരുടെ മുന്നില്‍ ഇനിയും ഏറെ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടെന്നും സെല്‍ഫിയും ഓട്ടോഗ്രാഫുമായി അവരെ ബുദ്ധിമുട്ടിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷന്‍ 2035 ല്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഈ പേടകത്തില്‍ ഐഎസ്ആര്‍ഒ നടത്തും.

