മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസിൻ്റെയും സാന്നിധ്യത്തിൽ ബസവരാജ് പാട്ടീൽ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരം.
മറാത്ത്വാഡാ പ്രദേശത്തെ സ്വാധീനമുള്ള നേതാവായിരുന്നു ബസവരാജ്. ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. ആദ്യ ടേമിൽ അദ്ദേഹം സംസ്ഥാന മന്ത്രിയായിരുന്നു. അതേസമയം, 2019–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ബസവരാജ് പൊതുപരിപാടികളിലൊന്നും പ്രത്യക്ഷപ്പെടാറില്ലെന്നും അതിനാൽ ബസവരാജിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോൺഗ്രസ് സെക്രട്ടറി അഭയ് സാലുങ്കെ പറഞ്ഞു.
മഹാരാഷ്ട്രയിൽ അശോക് ചവാൻ ഉൾപ്പടെ നിരവധി കോൺഗ്രസ് നേതാക്കളാണ് ഇതിനോടകം പാർട്ടി വിട്ടത്. ഇത് പാർട്ടിയെ പ്രതികൂലമായി ബാധിക്കും. ചവാൻ ബിജെപിയിൽ ചേർന്നപ്പോൾ മിലിന്ദ് ദേവ്റ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തത്. ഇവരെ രണ്ടുപേരെയും രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശം ചെയ്തിരുന്നു.
Discussion about this post