ന്യൂഡൽഹി: 26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ന്യൂഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിക്കുകയായിരുന്നു. തുടർന്ന് വയറുവേദനയും ഛർദിയും നിർത്താതെ വന്നതോടെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
1,2,5 രൂപയുടെ 39 നാണയങ്ങളും 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടർ മിത്തൽ പറഞ്ഞു. എന്തിനാണ് അവ കഴിച്ചതെന്ന് ചോദിച്ചപ്പോൾ, നാണയങ്ങളിൽ അടങ്ങിയിരിക്കുന്ന സിങ്ക് ബോഡി ബിൽഡിങ്ങിന് സഹായിക്കുമെന്നായിരുന്നു രോഗിയുടെ വിശദീകരണം.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലെത്തുമ്പോൾ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നുവെന്ന് ഡോക്‌റെ പറഞ്ഞു. യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്‌റെ അറിയിച്ചു. തുടർന്ന് നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് കുടലിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് നാണയവും കാന്തവും കുന്നുകൂടിയിരിക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ചെറുകുടലിൽ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. ഇത് നീക്കം ചെയ്ത ഡോക്ടർമാർ യുവാവിന്റെ വയർ മുഴുവൻ പരിശോധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴുദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ട യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

