ചട്ടലംഘനം തുടർക്കഥയായതിനെ തുടർന്ന് റിസർവ് ബാങ്കിന്റെ കടുത്ത ശിക്ഷാനടപടി നേരിടുന്ന പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ നോൺ-എക്‌സിക്യുട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ രാജിവച്ച് കമ്പനിയുടെ സ്ഥാപകൻ വിജയ് ശേഖർ ശർമ്മ.
മാർച്ച് 15 മുതൽ പേയ്ടിഎം ബാങ്കിന്റെ സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർ.ബി.ഐ വിലക്കിയത്.
വിജയ് ശേഖർ ശർമയുടെ രാജിക്കൊപ്പം തന്നെ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐ.എ.എസ് ഓഫീസർ ദേബേന്ദ്രനാഥ് സാംരഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗിൻ, മറ്റൊരു മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ രജ്‌നി സേക്രി സിബൽ എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തി.
പുതിയ ചെയർമാനെ നിയമിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് അറിയിച്ചു.
പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിൽ വിജയ് ശേഖർ ശർമയ്ക്ക് 51 ശതമാനവും വൺ 97 കമ്മ്യൂണിക്കേഷന് 49 ശതമാനവും ഓഹരിയാണുള്ളത്. കമ്പനിയുടെ ഭാവി നടത്തിപ്പ് സുഗമമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് രാജിയും സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനമെന്നും വിജയ് ശേഖർ രാജിക്കത്തിൽ വ്യക്തമാക്കി. കമ്പനിയുടെ ഭാവി ബിസിനസിനെ നയിക്കുക പുതിയ ബോർഡായിരിക്കും.
റിസർവ് ബാങ്കിന്റെ നടപടിക്ക് പിന്നാലെ പേയ്ടിഎം ഓഹരികൾ വലിയ മൂല്യത്തകർച്ച നേരിട്ടിരുന്നു. പേയ്ടിഎമ്മുമായി സഹകരിക്കാൻ തയ്യാറായി മറ്റ് ബാങ്കുകൾ വരുന്നുവെന്ന വാർത്തകളും ഫെബ്രുവരി 29ന് അവസാനിക്കുമായിരുന്ന കാലാവധി മാർച്ച് 15 വരെ നീട്ടി നൽകിയതും പിന്നീട് ഓഹരിയെ തിരിച്ചു കയറ്റിയിരുന്നു. എന്നാൽ വിജയ് ശേഖർ ശർമ സി.ഇ.ഒ സ്ഥാനമൊഴിയുന്ന വാർത്തകൾക്ക് പിന്നാലെ ഇന്ന് ഓഹരി വീണ്ടും ഇടിവിലായി. ഇന്ന് രാവിലത്തെ സെഷനിൽ 1.50 ശതമാനം ഇടിഞ്ഞ് 421.70 രൂപയിലെത്തിയ ഓഹരി നിലവിൽ വ്യാപാരം നടത്തുന്നത് ഒരു ശതമാനത്തലിധികം ഉയർന്നാണ്.
ആഗോള ബ്രോക്കിംഗ് സ്ഥാപനമായ മാക്വയർ പേയിടിഎം ഓഹരികൾക്ക് അണ്ടർപേർഫോം സ്റ്റാറ്റസ് നൽകിയിരിക്കുകയാണ്. ഓഹരി വില ലക്ഷ്യം 275 രൂപയായി കുറച്ചു. നിലവിൽ വ്യാപാരം ചെയ്യുന്ന വിലയേക്കാൾ 36 ശതമാനം കുറവാണിത്.
അതേസമയം പേയ്ടിഎമ്മിന്റെ യു.പി.ഐ ഇടപാടുകളുടെ പ്രോസസിംഗിനായി സഹകരിക്കാൻ തയ്യാറായി ആക്‌സിസ് ബാങ്കിനു പിന്നാലെ എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് എന്നിവരും മുന്നോട്ടു വന്നതായി അറിയുന്നു. ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
Discussion about this post