ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചിച്ചു. 2019ൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കി. 2014 ഡിസംബർ മുപ്പത്തിയൊന്നിനോ അതിന് മുൻപോ ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജയിൻ, ബുദ്ധിസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം.
ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷനായി തയാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം ഡ്രൈ റണ്ണുകൾ നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖ്, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവർക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെയാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചത്. പൊതുതെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ കേന്ദ്രം പുറത്തിറക്കിയേക്കും.
2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമം ലോക്സഭാ പസാക്കുകയും 2020 ജനുവരി പത്തിന് നിയമം നിലവിൽ വരുകയും ചെയ്തു. എന്നാൽ ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നിയമം നടപ്പാക്കിയിരുന്നില്ല. രേഖകളില്ലാത്ത അയൽ രാജ്യങ്ങളിൽ നിന്ന് എത്തിയ അഭയാർഥികളെ സിഎഎ സഹായിക്കുമെന്ന് അധികൃതർ വ്യക്തമക്കി.
Discussion about this post