കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു അപ്പീലിലെ ആരോപണം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ ചോർന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി.

