ഇംഫാല്‍: മണിപ്പൂരില്‍ തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി. താമസ സ്ഥലത്തുനിന്നുമാണ് തട്ടിക്കൊണ്ട് പോയത്. ശേഷം സുരക്ഷാ സേനയും പൊലീസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. മെയ്തെയ് സംഘടനയായ അരംബയ് തെങ്കോല്‍ അംഗങ്ങളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്തുവരുന്ന വിവരം.
പൊലീസിന്റെ ഓപറേഷന്‍സ് വിഭാഗത്തിലെ അഡീഷണല്‍ സൂപ്രണ്ട് എം അമിത് സിങ്ങിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസ് ഉദ്യോഗസ്ഥന്റെ അംഗരക്ഷകരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടപോയത്. 200- ഓളം വരുന്ന തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നവെന്ന് അമിത് പറഞ്ഞു.
വാഹന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ആരംബയ് തെങ്കോല്‍ സംഘത്തിലെ ആറ് അംഗങ്ങളെ അമിത് സിങ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് പിന്നാലെ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
Discussion about this post