ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങിയ പരസ്യത്തിലെ ചൈനയുടെ പതാകക്കെതിരെ ബിജെപി. വിഷയത്തിൽ ഡിഎംകെയെ വിമർശിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ.
തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐ.എസ്.ആർ.ഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതുമായ ബന്ധപ്പെട്ട് നൽകിയ പരസ്യമാണ് വിവാദത്തിലായത്. “ചൈനയോടുള്ള ഡിഎംകെയുടെ പ്രതിബദ്ധതയുടെയും നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള അവരുടെ തികഞ്ഞ അവഗണനയുടെയും പ്രകടനമാണ്” എന്ന് അണ്ണാമലൈ ആഞ്ഞടിച്ചു.
ഒരു പണിയും ചെയ്യാതെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ നോക്കുന്ന പാർട്ടിയാണ് ഡി.എം.കെ യെന്നും കേന്ദ്ര പദ്ധതികളിൽ അവർ അവരുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് ആർക്കാണ് അറിയാത്തതെന്നും അണ്ണാമലൈ ചോദിച്ചു. ഇപ്പോൾ അവർ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒ വിക്ഷേപണ പാഡിൻറെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചൈനയുടെ സ്റ്റിക്കർ പോലും ഒട്ടിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം ചൈനയുടെ പതാക മാത്രമല്ല, ചൈനീസ് ഭാഷയിൽ എഴുത്തുകളുള്ള റോക്കറ്റിന്റെ ചിത്രമാണ് ഉപയോഗിച്ചതെന്നും വിമർശനമുണ്ട്.
പുതിയ സ്‌പേസ്‌പോർട്ടിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി പദ്ധതിയിടുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് ചെലവ് കൂടുതലാണ്. 2,000 ഏക്കർ വിസ്തൃതിയുള്ള പുതിയ ബഹിരാകാശ തുറമുഖം ഈ മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനും ഉത്തേജനം നൽകും.
Discussion about this post